ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY)
ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY)
എറണാകുളത്ത് നിന്ന് ത്രിശ്ശൂരിലേക്ക് ടെയിനിൽ ആണ് യാത്ര. പതിവുപോലെ ട്രെയിൻ വൈകിയത് കൊണ്ട് എങ്ങനെയെങ്കിലും ഒരു ഓട്ടോ പിടിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു ഞാൻ. കാരണം ഭക്ഷണം കഴിച്ചിട്ടില്ല, ഓഫീസ് കാന്റീൻ 8.45 ക്ലോസ് ചെയ്യും .8.50 ആണ് പഞ്ചിങ്ങ്. വൈകി എത്തുന്നതിനിന്നോട് വിമുഖത കാട്ടുന്ന മനസ്സായതുകൊണ്ട് ഷെയർ ഓട്ടോയ്ക്ക് കാത്തുനിൽക്കാറില്ല. അതു കൊണ്ട് തന്നെ ട്രെയിൻ പൂർണ്ണമായും നിർത്തുന്നതിന് മുൻപ് തന്നെ ചാടി ഇറങ്ങി PT ഉഷയെ മനസ്സിൽ ധ്യാനിച്ച് ഓടുകയാണ്. ലക്ഷ്യം ആദ്യം കാണുന്ന ഓട്ടോ പിടിക്കുക തന്നെ. ഒരു ഓട്ടോ കണ്ടു , അതിൽ കയറാൻ തുടങ്ങുന്നതിന് മുൻപ് ആണ് എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കുന്നത്. ആദ്യം ഭാര്യയാണെന്ന് ഓർത്ത് പിന്നിട് തിരിച്ചു വിളിക്കാം എന്നോർത്തു. വേറെ ഒന്നുമല്ല 100 രൂപക്ക് 3 ചുരിദാർ കിട്ടും എന്നു പറയാനായിരിക്കും ചിലപ്പോൾ അവൾ വിളിക്കുന്നത് അല്ലെങ്കിൽ അവളുടെ പഴ്സിലെ 25 പൈസ കാണാനില്ലെന്ന് പറയാൻ ആയിരിക്കും. പിന്നെ ഓർത്തു വല്ല അത്യാവശ്യക്കാരൻ ആണെങ്കിലോ , മനസ്സൊന്നു പതറി. വേഗം ഫോൺ എടുത്തു. അപ്പോൾ വിളിക്കുന്നത് ഒപ്പം വർക്ക് ചെയ്യുന്ന, HR ഡിപ്പാർട്ട് മെന്റിലെ പ്രജീഷ് ആണ്. ജോയ് ആലൂക്കാസ് കുടുബത്തിലെ ഒത്തിരി നന്മയുള്ള വ്യക്തികളിൽ ഒരാൾ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളുമാണ്. ഞാൻ പല തവണ അവന്റെ ബൈക്കിൽ യാത്ര ചെയ്തിട്ടുണ്ട്. വേഗം ഫോൺ എടുത്തു. എന്തു പറ്റി എന്നു ചോദിച്ചു. അവൻ പറഞ്ഞു എന്തിനാ നീ ഇങ്ങനെ ഓടുന്നത് . വരൂ എന്റെ ഒപ്പം ബൈക്കിൽ പോകാം എന്ന്. അപ്പോഴും മനസ്സൊന്നു മടിച്ചു, കാരണം അവൻ അൽപ്പം താമസക്കാരൻ ആണ്. അത് മാത്രമല്ല ഇരിജ്ഞാലകുടയിൽ നിന്ന് വരുന്ന അവൻ ഭക്ഷണം കഴിച്ചിട്ട് ആണ് വരുന്നത്. എന്നാലും അവനെ ഒഴിവാക്കാൻ മനസ്സ് അനുവദിച്ചില്ല. മനസ്സില്ലാ മനസ്സോടെ അവനെ കാത്തിരുന്നു. ഭാഗ്യത്തിന് കക്ഷി വേഗം വന്നു, പതിവുപോലെ നൂറുവാട്ട് ചിരിയുമായി ആക്ടീവയുടെ താക്കോൾ കറക്കി കൊണ്ട് , പത്തു പൈസ മുടക്കാതെ നിന്നെ ഞാൻ ഞൊടിയിടയിൽ ഓഫീസിൽ എത്തിക്കും എന്ന ഭാവത്തിൽ. അപ്പോൾ എനിക്കും നഷ്ടപ്പെട്ട ആത്മ വിശ്വാസം തിരിച്ചു കിട്ടി. ഒരു നിമിഷം നിൽക്കാൻ എന്നോട് പറഞ്ഞ് ആള് ബൈക്ക് എടുക്കാൻ പോയി. ഞാൻ ഓഫീസിലെ മുഖ്യ പാചക വിദഗ്ദൻ വിജയൻ ചേട്ടന്റെ ചൂടു ദോശയെയും ചട്ണിയെയും കുറിച്ച് ഓർത്ത് അവിടെ നിന്നു. സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് വന്നപ്പോൾ അവനെ കാണാനില്ല. ചുറ്റും നോക്കി പൊടി പോലുമില്ല. ആകെ ടെൻഷൻ ആയി.ചതിച്ചോ ദൈവമേ.. ദോശയും ചട്ണിയുമൊക്കെ പോയ വഴി കണ്ടില്ല. അപ്പോൾ അവൻ ദൂരെ നിന്ന് ഓടി കിതച്ച് വരുന്നുണ്ട് ബൈക്ക് കാണാനുമില്ല. ഞാൻ വിചാരിച്ചു ഇവനെ വല്ല പട്ടിയും ഓടിക്കുകയാണോ എന്ന്. ആത്രക്ക് സ്പീഡിൽ ആണ് വരവ്. കൂടെ ഓടാനുള്ള വഴി ഞാനും കണ്ടു വച്ചു റെഡിയായി നിന്നു. അപ്പോൾ അവന്റെ കയ്യിൽ ഒരു തുണ്ടു പേപ്പർ കൂടി ഉണ്ട് . അത് എന്റെ കയ്യിൽ തന്നിട്ട് ഒരു ഭാവ വ്യത്യാസവുമില്ലാതെ കക്ഷി പറയുക ആണ്, ഇത് എന്റെ ബൈക്കിന്റെ നമ്പർ ആണ്, നീ തെക്കു ഭാഗം നോക്കു ഞാൻ വടക്കുഭാഗം നോക്കാം എന്ന്. അത് കേട്ട് തരിച്ചു നിന്നു പോയി എന്റെ ബാല്യം. സങ്കടവും ദേഷ്യവും കാടുകയറിയ നിമിഷം. വിശപ്പാണെങ്കിൽ അവസാനത്തെ സൈറൻ മുഴക്കുന്നു. പക്ഷേ എന്തും വന്നാലും കൂട്ടുകാരനെ ആപത്തിൽ സഹായിക്കാതിരിക്കാൻ കഴിയില്ല. കാരണം അത്രക്ക് ആത്മ ബന്ധമുണ്ട് അവന് ആ ബൈക്കിനോട്. അമ്പലത്തിൽ പോകുന്നതിന് തുല്യമാ അത് സ്റ്റാർട്ട് ആക്കുന്നത്. സകല ദൈവങ്ങളെയും വിളിക്കേണ്ടി വരും. എന്നാലും ട്രെയിൻ പോകുന്നതിന് മുൻപ് സ്റ്റേഷനിൽ എത്തിക്കും കക്ഷി. ഞാനടക്കമുള്ള പലരുടെയും അനുഭവമാണ്. എനിക്കും സങ്കടമായി. അങ്ങനെ ഞങ്ങൾ രണ്ടു പേരും തിരച്ചിൽ തുടങ്ങി. ബൈക്കുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് അവിടെ , അതു കൊണ്ട് ഒരു എത്തും പിടിയും കിട്ടിയില്ല. തിരഞ്ഞ് തിരഞ്ഞ് അവസാനം ഞങ്ങൾ മാത്രമായി. ബൈക്ക് മോഷണം പോയി എന്ന യാഥാർത്ഥ്യം മനസ്സിലായി ഞങ്ങൾക്ക്. ഞാൻ പറഞ്ഞു നമുക്ക് ഓഫീസിൽ പോയി പഞ്ച് ചെയ്തത് തിരിച്ച് വന്ന് പോലിസിൽ പരാതി കൊടുക്കാം . മനസ്സില്ലാ മനസ്സോടെ അവനും സമ്മതമായി. അങ്ങനെ തിരിച്ച് കിട്ടും എന്ന പ്രതിക്ഷയോടെ ആദ്യം കണ്ട ഒട്ടോ പിടിച്ച് ഓഫീസിലേക്ക്. ഓട്ടോ നീങ്ങി തുടങ്ങി, വഴി കാഴ്ചകളിൽ ഒന്നും അവൻ ശ്രദ്ധിക്കുന്നില്ല. ആകെ ഒരു വിഷണ്ണത. ഇത്രയും കാലം താൻ പൊന്നുപോലെ കൊണ്ടു നടന്ന തന്റെ ആത്മ മിത്രത്തെ ആണ് നഷ്ട പെട്ടിരിക്കുന്നത് എന്ന സത്യം അവൻ തിരിച്ചറിഞ്ഞു. അതു കൊണ്ട് തന്നെ ത്രിശ്ശൂരിലെ തരുണീ മണികളുടെ കോളേജിലേക്കുള്ള വർണ്ണങ്ങൾ വാരി വിതറുന്ന യാത്രയൊന്നും അവന്റെ മനസ്സിനെ ഉണർത്തിയില്ല. പോലീസ് സ്റേഷനും കേസും ഒക്കെ ആണ് മനസ്സിൽ. അവസാനം ജോയ് പാലസ് ഹോട്ടൽ കണ്ടപ്പോൾ അവൻ പെട്ടന്ന് ചാടി എണിറ്റ് ചിരിക്കുന്നു. ഞാൻ വിചാരിച്ച് ഞങ്ങളുടെ മുതലാളിയുടെ പേര് ജോയ് അലുക്കാസ് എന്നാണല്ലോ. നാടോടി കാറ്റിൽ പോലീസ് സ്റ്റേഷനിലെ മഹാത്മാഗാന്ധിയുടെ പടം കണ്ടു ചിരിക്കുന്ന ശ്രീനിവാസനെ പോലെ അന്നം തരുന്ന ആളുടെ പേരിന്നോടുള്ള ഇഷ്ടം കൊണ്ട് സന്തോഷിച്ചതായിരിക്കും എന്ന് ഞാനും കരുതി. പക്ഷേ സത്യം അതല്ലായിരുന്നു. ജോയ് പാലസിന്റെ ഓപ്പോസിറ്റ് ആയിരുന്നു അവൻ തലേ ദിവസം ബൈക്ക് വെച്ചിരുന്നത്. പിന്നെ ഒന്നും നോക്കിയില്ല പറ്റിയ അമളി പുറത്തു കാണിക്കാതെ വിമാനത്തിൽ കയറാനുള്ള ഗമയോടെ താക്കോൽ കൂട്ടം കറക്കി നിഷ്കളങ്കത നിറഞ്ഞ ആ പഴയ 100 വാട്ട് ചിരിയുമായി ഒറ്റ ഓട്ടം... അപ്പോഴേക്കും രാവിലത്തെ എന്റെ ഭക്ഷണത്തിന് തീരുമാനമായിരുന്നു. പിന്നെ ഉച്ചയൂണിനുള്ള കാത്തിരിപ്പുമായി ഞാനും എന്റെ സ്വപ്നങ്ങളും കൂടെ ഓട്ടോക്കാരനും. അപ്പോഴേക്കും എന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്യുന്നു. ഇനി ഉച്ചത്തെ ഊണിനും ഒരു തീരുമാനമാക്കാനുള്ള വിളിയാണോ ദൈവമേ എന്ന് ഓർത്ത് അൽപ്പം പേടിയോടെ ഫോൺ എടുത്തപ്പോൾ, ദേ വീണ്ടും ഭാര്യ. വേഗം ഫോൺ എടുത്തപ്പോൾ അവൾ ചോദിക്കുകയാണ് ദോശ സുപ്പർ ആയിരുന്നോ എന്ന്. ഞാൻ പറഞ്ഞു ദോശ മാത്രമല്ല ചട്നിയും ചമ്മന്തിയും കൂടെ വന്ന പ്രജീഷും വളരെ സൂപ്പർ ആയിരുന്നു എന്ന്...
ഇതെല്ലാം കേട്ട് അന്ധാളിച്ച് ആ ഓട്ടോക്കാരനും...
സനീഷ് ചോറ്റാനിക്കര

Comments
Post a Comment