വിജയവഴികളിലൂടെ പരാജിതരും...

വിജയവഴികളിലൂടെ പരാജിതരും...

SSLC റിസൽട്ട്  വന്നിരിക്കുന്നു, ഇനിയും പല പരീക്ഷകളുടേയും റിസൽട്ട് വരാനിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥ മാക്കിയ നമ്മുടെ കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇതിൽ എല്ലാ വിഷയത്തിനും A+  or  A  grade  നേടാൻ കഴിയാത്ത  നമ്മുടെ കുട്ടികളോടും അവരുടെ രക്ഷകർത്താക്കളോടുമായി ഒരു സന്ദേശം.

നിങ്ങൾ ഒരിക്കലും നിരാശപ്പെടരുത്. ഇന്ന് കാണുന്ന ഈ അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ പെട്ട് ഒരിക്കലും സ്വയം ഉൾവലിയരുത്. നിങ്ങൾക്ക് നേടാൻ ഇനിയുമേറെയുണ്ട്. 

ഒരു നല്ല ചിത്രകാരൻ കണക്കിന് A+ വാങ്ങണമെന്ന് നിർബന്ധമില്ല, ഒരു നല്ല സംഗീതജ്ഞൻ ഫിസിക്സിൽ അജയ്യനാവേണ്ടതില്ല, അതുപോലെ തന്നെ സച്ചിനും ഫുട്ബോൾ ഇതിഹാസം പെലെയും ഒന്നും ബയോളജിക്കും ഇഗ്ലീഷിനും റാങ്ക് നേടിയവർ അല്ല എന്ന സത്യം നാം ഓർക്കണം. എന്തിനേറെ പറയുന്നു പഠിക്കുവാനുള്ള ബുദ്ധിയില്ല എന്നു പറഞ്ഞു ക്ലാസിൽ നിന്നും പുറത്താക്കിയ ഒരു ചെറിയ ബാലനാണ് പിൽക്കാലത്ത് കണ്ടുപിടുത്തങ്ങളുടെ രാജാവും, ലോകത്തെ തന്നെ മാറ്റി മറച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നായ ബൾബ് കണ്ടുപിടിച്ച തോമസ് ആൽവാ എഡിസൺ എന്ന പേരിൽ പ്രസിദ്ധനായി തീർന്നത്.  SSLC പരീക്ഷക്ക്  വെറും 252  മാർക്ക് മാത്രം വാങ്ങിയ അൽഫോൻസ് കണ്ണന്താനമാണ് പിന്നിട് IAS റാങ്കോടെ പാസ്സാവുകയും, IAS സ്വപ്നം കാണുന്ന കുട്ടികളുടെ മാർഗ്ഗദർശിയും, ഗുരുനാഥനും, ഇന്ന് കേന്ദ്ര മന്തി കൂടി ആയി തീർന്നത് എന്നതും നമുക്ക് വിസ്മരിക്കാൻ ആവില്ല. ഇതിനർത്ഥം വിജയിച്ചവർ എല്ലാം മോശക്കാർ ആണെന്നല്ല. പക്ഷേ നമുക്ക് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും പരാജിതർക്കും കഠിന പരിശ്രമത്തിലൂടെ, ഉറച്ച ലക്ഷ്യബോധത്തോടെ നീങ്ങിയാൽ വിജയവഴികളിലെത്താം എന്ന സത്യം.

തോൽവികൾ ഉണ്ടാവാം പക്ഷേ ആ തോൽവികളെ അനുഭവത്തിന്റെ പടവുകൾ ആക്കി അതിൽ ചവിട്ടി വിജയതീരത്തണയാൻ ശ്രമിക്കണം. 
അതു കൊണ്ട് വിജയിച്ച കുട്ടികളുടെ നല്ല വശങ്ങൾ  മാത്രം സ്വീകരിച്ച് നമ്മുടെ കുറവുകൾ മനസ്സിലാക്കി, നമ്മുടെ strength എവിടെയാണെന്ന് സ്വയം കണ്ടെത്തി അതിലൂടെ മുന്നേറാൻ ശ്രമിക്കണം. അപ്പോഴേ ജിവിതമാർന്ന വിജയം നമ്മെ തേടി വരികയുള്ളൂ.  അതുപോലെ മാതാപിതാക്കളും കുട്ടികളെ സ്വന്തം ഇഷ്ടങ്ങളിലൂടെ മാത്രം വഴി നടത്താതെ കുട്ടികളുടെ  ഇഷ്ടങ്ങളും കഴിവുകളും കുറവുകളും കൂടി മനസ്സിലാക്കി മുന്നേറാൻ അവരെ പ്രാപ്തരാക്കണം. 

മാർക്കുകൾ വാരികൂട്ടുന്നതിൽ മത്സരിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ കുട്ടികൾ മാനുഷിക മൂല്യങ്ങൾ കൂടി മനസ്സിലാക്കി വളരാനും ശ്രമിക്കണം. ഭൂരിപക്ഷ ആളുകളും സാധാരണക്കാരായ നമ്മുടെ സമൂഹത്തിലെ വൃദ്ധ മാതാപിതാക്കളെ കാണുമ്പോൾ സ്നേഹത്തിന്റെ ഒരു കുട ചൂടി കൊടുക്കുവാൻ നമുക്കാവണം, നമ്മളോടു ചേർത്ത് നിർത്താൻ കഴിയണം, ഒരു സഹായ ഹസ്തം നീട്ടി അവരിലേക്ക് ഇറങ്ങി ചെല്ലാൻ നമുക്ക് കഴിയണം. വളർന്നു വരുന്ന പുതു തലമുറയെ ഇതിനെല്ലാം കഴിയത്തക്ക രീതിയിൽ സർവ്വേശ്വരൻ  അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്, എല്ലാ വിജയികൾക്കും ഇനിയും വിജയങ്ങൾ ആവർത്തിക്കാനും വലിയ വിജയങ്ങൾ നേടാൻ കഴിയാത്തവർക്ക്  വരും കാലങ്ങളിൽ ഇതിലും വലിയ വിജയങ്ങൾ നേടാനുള്ള ആർജ്ജവം ഉണ്ടാവട്ടെ എന്നും ആശംസിച്ചു കൊണ്ട്....

സ്നേഹപൂർവം...
സനീഷ് ചോറ്റാനിക്കര

Comments

Popular posts from this blog

ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY)

ഒരു പഴയ മുംബൈ യാത്രാ ഓർമ്മക്കുറിപ്പ്...

‘Spreading Joy’ is the success story of Joy Alukkas, a visionary who made his father's dreams come true.