ഒരു കിങ്ങിണിപ്പൂവിൻ പുഞ്ചിരി ചന്തം

ഒരു കിങ്ങിണിപ്പൂവിൻ പുഞ്ചിരി ചന്തം


ഞങ്ങൾ ഇന്നലെ ഒരു സൗഹൃദ യാത്രയിൽ ആയിരുന്നു. സ്നേഹ ബന്ധത്തിൽ ഏറിയുള്ള ഒരു കുടുംബ കൂട്ടായ്മകളുടെ സംഗമം. പുന്നമട കായലിലെ ഓളങ്ങളിൽ സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും അലകൾ ഉയർത്തി കൊണ്ട് ഒരു വഞ്ചിവീട് യാത്ര.
ഈ യാത്രയിൽ എന്നെ ഏറെ ആകർഷിപ്പിച്ചതും ഒപ്പം ചിന്തിപ്പിച്ചതും മറ്റൊന്നുമല്ല കിങ്ങിണിയെന്ന കൊച്ചു മിടുക്കിയുടെ നക്ഷത്ര കണ്ണുകളും പാൽ പുഞ്ചിരിയും അതിനെല്ലാം ഉപരി ആ കുസൃതി കുരുന്നിന്റെ അധരങ്ങളിൽ നിന്നും ഉതിരുന്ന അനർഗള നിർഗളമായ നാടൻ പാട്ടുകളുടെ ശീലുകൾ ആണ്. ഒരു കൊച്ചു കുട്ടി ഇത്രയും നാടൻ പാട്ടുകൾ മനപാഠമാക്കുന്നത് എങ്ങനെ എന്ന് ആലോചിച്ച് അദ്ഭുതപരവശനായി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഒരു പക്ഷേ ആ കുട്ടിയുടെ അച്ഛനമ്മമാരിൽ നിന്നോ അപ്പച്ചിയിൽ നിന്നോ കിട്ടിയ വാസനകൾ ആയിരിക്കാം അവളെ അതിന് പ്രാപ്തയാക്കിയത്. അക്ഷര സ്ഫുടതയും തെളിഞ്ഞ ശബ്ദവും ആണ് ആ കൊച്ചു മിടുക്കിയുടെ പാട്ടുകളിലെ ഏറ്റവും വലിയ പ്രത്യേകതകൾ. സത്യത്തിൽ ഇന്നലത്തെ ഉല്ലാസ യാത്രയിൽ ഒരു അതിഥി ആയി വന്ന് ആതിഥേയ ആയി മാറി എന്നുള്ളത് ആണ് ആ കൊച്ചു മിടുക്കിയുടെ ഏറ്റവും വലിയ സവിശേഷത. ബോട്ട് യാത്ര അവസാനിപ്പിച്ച് മൈക്ക് തിരികെ കൊടുത്തപ്പോഴും ഇനിയും രണ്ട് പാട്ടുകൾ കൂടി പാടാനുണ്ട് എന്നു പറഞ്ഞ ആ കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയാണ് നമ്മെ അവളിലേക്ക് ആകർഷിപ്പിക്കുന്നത്. നമ്മളൊക്കെ എവിടെയോ എന്നോ മറന്നു വെച്ച ആ പഴയ ബാല്യത്തിന്റെ നിഷ്കളങ്കത.
പാട്ടുമേളമൊക്കെ കഴിഞ്ഞ് അവളുടെ സ്വന്തമായ ആലപ്പുഴ ബീച്ചിൽ പോയപ്പോഴും തന്റെ സ്വതസിദ്ധമായ രീതിയിൽ അവൾ ഒരു പൂമ്പാറ്റയെപ്പോലെ പാറി പറന്ന് , അവളുടെ കിന്നരി പല്ലുകാട്ടി ചിരിച്ചും ചിരിപ്പിച്ചും, തിരകൾക്കിടയിലൂടെ കടലമ്മ എന്ന് മണലിൽ എഴുതി തിരകളോട് കുറുമ്പുകാട്ടിയും, കാറ്റിനോട് കഥ പറഞ്ഞും, ഓടി നടന്ന് എല്ലാവരെയും മയക്കി... അവസാനം വിടവാങ്ങലിന്റെ ഒരു ഗദ്ഗദം എവിടെയോ ഒളിപ്പിച്ച് .... ഇനിയും കാണും എന്ന ശുഭ പ്രതീക്ഷയുമായി .... ഒരു പഴയ നാടൻ പാട്ടിന്റെ ശീലുപോലെ എങ്ങോ പോയ് മറഞ്ഞു...നന്ദി കിങ്ങിണി കുട്ടീ.....

Comments

Popular posts from this blog

ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY)

ഒരു പഴയ മുംബൈ യാത്രാ ഓർമ്മക്കുറിപ്പ്...

‘Spreading Joy’ is the success story of Joy Alukkas, a visionary who made his father's dreams come true.