മുംബൈയിൽ ജീവിച്ചു കൊതി തീരാത്തവർക്കും, ആ മഹാനഗരത്തിൽ ജീവിതം ആഘോഷിക്കുന്നവർക്കും, ഇനി മുംബൈ കാണാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഒരു പഴയ മുംബൈ യാത്രാ ഓർമ്മക്കുറിപ്പ്... ഞങ്ങളുടെ മുംബൈ യാത്രയ്ക്ക് ഇന്നേക്ക് ഒന്നാം വാർഷികം... ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഇഴചേർന്ന് നെയ്തൊരു കഥാ പുസ്തകമാണ് മുംബൈ. ഒരിക്കലും വായിച്ചു തീരാത്ത കഥാ പുസ്തകം. വന്നെത്തുന്നവരെല്ലാം കഥാ പാത്രങ്ങൾ ആവുന്നു ഇവിടെ. മുംബൈ നഗരത്തെ കുറിച്ച് ഒരു വാചകമുണ്ട് - ' നിങ്ങൾക്ക് ഒരാളെ ഈ നഗരത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകാനായേക്കും, പക്ഷേ ഒരിക്കലും അയാളുടെ ഹൃദയത്തിൽ നിന്നും ഈ നഗരത്തെ പുറത്തേക്കെടുക്കുവാൻ ആവില്ല' . ജീവിതവർണ്ണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും പറഞ്ഞു പോകും - വളരെ ശരിയാണ് ഈ വാക്കുകൾ എന്ന് . ഒരിക്കൽ അറിഞ്ഞു കഴിഞ്ഞാൽ , പിന്നീട് ഒരിക്കലും ഈ നഗരത്തെ മറന്നു കളയാൻ ആവില്ല , ഉള്ളിൽ നിന്ന് പറിച്ചെടുക്കാനും ആവില്ല. അത്രയേറെ സ്വപ്നങ്ങൾ കൂടി ചേരുന്നിടമാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം, പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈ നീട്ടി സ്വീകരിക്കുന്ന നഗരം....