സാവിത്രി അമ്മയുടെ ആ രണ്ടു രൂപ....
സാവിത്രി അമ്മയുടെ ആ രണ്ടു രൂപ....
നേരം എറെ ഇരുട്ടികഴിഞ്ഞു. ട്രെയിൻ വളരെ ലേറ്റ് ആയിരുന്നു. ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ 10.15 ആയി. പിന്നെ കുളികഴിഞ്ഞ് ഒരോട്ടമായിരുന്നു അമ്പലത്തിലേക്ക്. അമ്പലത്തിൽ ഏഴീശ്വരൻമാരെ എഴുന്നുള്ളിക്കുന്ന രാത്രിപ്പൂരമാണ്, ചോറ്റാനിക്കര അമ്മയുടെ പൂരം . ഇടക്ക് അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു മറക്കരുത് എടുക്കാൻ എന്ന്. എന്നിട്ടും തിരക്കിനിടയിൽ ഞാൻ മറന്നു. സ്കൂട്ടറിൽ ആണ് പോവുന്നത് .വഴി അരികിൽ തന്നെ വണ്ടി നിർത്തി ഞാൻ അമ്പലത്തിലേക്ക് വെച്ചുപിടിച്ചു. തിരക്കിനിടയിൽ പെട്ടപ്പോഴാണ് ഞാൻ ഓർത്തത്, വന്നതെന്തിനാണോ, അത് മറന്നു. പിന്നെ തിരിച്ചിറങ്ങാനും വയ്യാത്ത ഒരവസ്ഥ. പിന്നെ പല മുഖങ്ങളും പരതി, ആരെയും കാണുന്നില്ല. അങ്ങനെ ചോദിക്കാനും പറ്റില്ലല്ലോ. പക്ഷേ എനിക്ക് ചോദിച്ചേ പറ്റൂ. അപ്പോഴാണ് പ്രിയ കൂട്ടുകാരൻ അഭിലാഷിനെയും അവന്റെ പാതിയെയും അമ്മയെയും കണ്ടത്, അവന്റെ ഭാര്യ എന്നെ കാണുമ്പോഴെക്കും 100 വാട്ട് ചിരി ചിരിക്കും. എന്നിട്ടും എനിക്ക് ചോദിക്കാൻ തോന്നിയില്ല, കാരണം നാളെ അത് 200 വാട്ട് ആക്കിയാലോ എന്ന് എനിക്കൊരു ഒരു പേടി, ഞാൻ മുന്നോട്ടു തന്നെ പോയി, പലരെയും കണ്ടു , ചോദിക്കാൻ ഒരു മടി, നാണക്കേടാവുമോ. ആകെ ഒരു സങ്കടം. എന്റെ ആവശ്യമില്ലാത്ത തിരക്കാണ് എല്ലാത്തിനും കാരണം. എപ്പോഴും അങ്ങനെയാ തിരക്കൽപ്പം കൂടും. അപ്പോഴാണ് ആതിരയെ കാണുന്നത്, അവളാണെങ്കിൽ ഒരു ബജി പോലും കഴിക്കാൻ പറ്റാത്ത വിഷമത്തിൽ വയറും തിരുമ്മി ആണ് നിൽപ്പ്. ആ മുഖം കണ്ടപ്പോൾ തന്നെ ചോദിക്കാൻ തോന്നിയില്ല. ബാക്കിയുള്ള അനുജത്തിമാരും കൂട്ടിന് കൂടെയുണ്ട്. നെറ്റി പട്ടം കെട്ടിയ ശീതളും നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ അതുല്യയും ഈ മേളാസ്വാദനത്തിൽ ലയിച്ചിരിപ്പുണ്ടായിരുന്നു. അവരുടെ കാര്യം പറയുകയേ വേണ്ട, സീത കുട്ടിയോടൊപ്പം ആർത്തുല്ലസിച്ചാണ് നിൽപ്പ്. ഞാനെങ്ങും ചോദിക്കാൻ പോയില്ല. സമയം അടുത്തടുത്തു വരുന്നു. അപ്പോഴാണ് എന്റെ ചിരകാല സുഹൃത്ത് സഖാവ് ശ്രി അനൂപിനെ കാണുന്നത്. ഓട്ട പാത്രത്തിൽ ഞണ്ടു വീണാൽ ലുടലുടലുടലാ എന്ന പാട്ടും പാടിയാണ് നിൽപ്പ്. അവനോട് മാത്രം ഞാൻ ദയനീയമായി ചോദിച്ചു, നിന്റെ കയ്യിൽ ഉണ്ടാവുമോ? ഉത്തരേന്ത്യയിലെ കമ്മ്യുണിസത്തിന്റെ അവസ്ഥ തന്നെയാണ് അവന്റെയും, വെറും കാലി. അവൻ ആരെയൊക്കെയോ ഫോൺ വിളിച്ച് ചോദിക്കുന്നുണ്ട്. എവിടെ കിട്ടാൻ. അവസാനം നിരാശനായി ഞാൻ നിൽക്കുമ്പോൾ അതാ വരുന്നു നമ്മുടെ സാവിത്രി അമ്മ, പട്ടുസാരിയൊക്കെ ഉടുത്ത് സുന്ദരിയായി. വലിയ ബാഗ് ഒക്കെ കയ്യിൽ ഉണ്ട്. ഞാൻ പിന്നെ ഒന്നും ചിന്തിച്ചില്ല, അൽപ്പം മടിയോടെ ആണെങ്കിലും പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.. എനിക്ക് കടമായി തരാമോ? ആദ്യം ആളൊന്നു ഞെട്ടിയെങ്കിലും, പിന്നെ പോയ ബോധം വീണ്ടെടുത്ത് എന്നെയൊന്നു സൂക്ഷിച്ച് നോക്കി, എന്നിട്ട് രണ്ടു രൂപാ തുട്ട് എടുത്തു തന്നിട്ട് ഒരു താക്കീത്. ഞാൻ പെട്ടെന്ന് പേടിച്ചു പോയി, ചെണ്ടമേളം അതിന്റെ മൂർദ്ധ്യന്യാവസ്ഥയിൽ കാതിലേക്ക് തുളച്ചു കയറുന്നതു കൊണ്ട് ഞാൻ ശരിക്കും കേട്ടില്ല. വീണ്ടും പാതി ഭയത്തോടെ ചോദിച്ചപ്പോൾ ആൾ ഉച്ചത്തിൽ പറയുകയാണ് , ഇത് തരാൻ വേണ്ടി നാളെ രാവിലെ വീട്ടിലേക്ക് വന്നേക്കരുത് എന്ന്. അവസാന നിമിഷമാണെങ്കിലും, മറ്റൊരാളുടെ പൈസ ആണെങ്കിൽ പോലും ഞാൻ അമിതമായി ആഗ്രഹിച്ചപ്പോൾ പൗലോ കെയ്ലോ പറഞ്ഞ പോലെ പ്രകൃതി പോലും കൂടെ നിൽക്കും എന്ന് തോന്നി പോയ നിമിഷം. അങ്ങനെ അവസാനം എന്നത്തെയും പോലെ പഴയ ആ കൂട്ടുകാരോടൊപ്പം ഞാനും കളി പറഞ്ഞ്, മനം നിറഞ്ഞ് പ്രാർത്ഥിച്ച് ഭഗവതിയുടെ സ്വർണ്ണ കുടത്തിൽ ഭക്തിപൂർവ്വം ആ കാണിക്ക ഇട്ടു. ആരുടെ കാണിക്ക, സാവിത്രി അമ്മയുടെ ആ രണ്ടു രൂപാ. ഇതു വരെ തിരിച്ചു കൊടുക്കാത്ത ആ രണ്ടു രൂപാ....
സനീഷ് ചോറ്റാനിക്കര

Comments
Post a Comment